ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യമെങ്ങും ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരേ പ്രതിഷേധം കടുക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിലും ബംഗാളിലും ഹിന്ദി നിർബന്ധമാക്കാനും മഹാരാഷ്ട്രയിൽ നടന്ന വൻ പ്രതിഷേധ റാലിയിൽ ശിവസേനാ (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും ബന്ധുവും മഹാരാഷ്ട്ര നവനിർമാണ സേന (എംഎൻഎസ്) നേതാവുമായ രാജ് താക്കറെയും പറഞ്ഞു. നുണകളുടെ ഫാക്ടറിയാണ് ബിജെപിയെന്നും മറാത്തികളുടെ അഭിമാനം ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്നും മുൻ മുഖ്യമന്ത്രി ഉദ്ധവ് പറഞ്ഞു.
ക്രൈസ്തവ മിഷനറി സ്കൂളായ സെന്റ് പാട്രിക്സ് ഹൈസ്കൂളിലാണ് എൽ.കെ. അഡ്വാനി പഠിച്ചതെന്നും അദ്ദേഹത്തിന്റെ ഹിന്ദുത്വത്തെ സംശയിക്കണമോയെന്നും രാജ് താക്കറെ ചോദിച്ചു.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയും ഇംഗ്ലീഷ് സ്കൂളിൽ പഠിച്ചു, ഇംഗ്ലീഷ് പത്രത്തിൽ ജോലി ചെയ്തു. പക്ഷേ ഒരിക്കലും മറാത്തിയുടെ പദവിയിൽ വിട്ടുവീഴ്ച ചെയ്തില്ല. “എന്റെ അച്ഛനും അമ്മാവനും ഇംഗ്ലീഷ് മീഡിയത്തിലാണു പഠിച്ചത്. ഞങ്ങൾ മറാത്തി മീഡിയത്തിലാണു പഠിച്ചത്. ഞങ്ങളുടെ കുട്ടികൾ ഇംഗ്ലീഷിലാണു പഠിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഇഷ്ടമാണെന്ന് അവർ പറയുന്നു.’’ രാജ് താക്കറെ വിശദീകരിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ യുബിടി ശിവസേനയും എംഎൻഎസും സംയുക്തമായി ഇന്നലെ മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധറാലിയിലായിരുന്നു പ്രസ്താവന. 20 വർഷത്തിനുശേഷമാണ് ഉദ്ധവും രാജും വേദി പങ്കിട്ടത്. താക്കറെമാരുടെ യോജിപ്പു ബിജെപിക്കെതിരേയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് ഉദ്ധവ് വ്യക്തമാക്കി. മറാത്തിയുടെ പേരിലുള്ള ഐക്യം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് ഇരുനേതാക്കളും അറിയിച്ചു.
ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കു ലജ്ജ തോന്നുന്ന സമൂഹ സൃഷ്ടി വിദൂരത്തിലല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയെത്തുടർന്നാണു രാജ്യമെങ്ങും പ്രതിഷേധം ശക്തമായത്. കോണ്ഗ്രസ്, തൃണമൂൽ, ഡിഎംകെ, ഇടതുപാർട്ടികൾ അടക്കമുള്ള പ്രതിപക്ഷം ഇതിൽ പ്രതിഷേധിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ഇംഗ്ലീഷ്, മറാത്തി മീഡിയം സ്കൂളുകളിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാംഭാഷയാക്കിയ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിന്റെ ഉത്തരവ് വിവാദമായിരുന്നു. ഇതേത്തുടർന്ന് ഹിന്ദി ഓപ്ഷണൽ ഭാഷയാക്കി പുതിയ ഉത്തരവിറക്കിയെങ്കിലും പ്രതിഷേധം ശമിച്ചിട്ടില്ല.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാഷാ ഗുണ്ടായിസം അനുവദിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്ത്യയിലെ സുരക്ഷാസേനപോലും ഒരു ഭാഷയാൽ ബന്ധിതരല്ലെന്നു രാജ് താക്കറെ ചൂണ്ടിക്കാട്ടി.
മദ്രാസ്, രജപുത്, ദോഗ്ര, സിഖ്, പാരച്യൂട്ട്, മറാത്ത, ആസാം, ബിഹാർ, മഹാർ, ജമ്മു കാഷ്മീർ, നാഗ, ഗൂർഖ എന്നീ റെജിമെന്റുകളെല്ലാം അവരുടെ ഭാഷകളിലാണു പ്രവർത്തിക്കുന്നത്. ശത്രുവിനെ കാണുന്പോൾ അവരൊരുമിച്ചു കൊല്ലാൻ പോകുന്നു. ഇവിടെ ഭാഷയുടെ പ്രശ്നം എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്കെതിരേ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നേരത്തേ രംഗത്തെത്തിയിരുന്നു.